പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടപടികൾ വലിയ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി ഫോറൻസിക് സർജനെ നിയമിക്കണെമെന്നും കെപിസിസി ഗാന്ധിദർശൻ സമിതി ജില്ലാ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
പോസ്റ്റുമോർട്ടം ചെയ്യേണ്ട മൃതദേഹങ്ങൾ തൃശൂർ ജില്ലയിലെ ആശുപത്രികളിലേക്കു കൊണ്ടുപോകേണ്ട സ്ഥിതിയാണ്. മൃതദേഹം തൃശൂരിലേക്കു കൊണ്ടുപോകുന്നതിനള്ള ഭീമമായ ചെലവ് മരിച്ചയാളുടെ ബന്ധുക്കൾ തന്നെ വഹിക്കേണ്ടതുണ്ട്. ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ജില്ലാകമ്മിറ്റി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനു നിവേദനം നൽകി.
ജില്ലാ കൗണ്‍സിൽ യോഗം ഗാന്ധിദർശൻ സമിതി സംസ്ഥാന ജനറൽസെക്രട്ടറി ബൈജു വടക്കുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുണ്ടൂർ, എൻ. അശോകൻ, വി. മോഹനൻ, ടി. രാജൻ, എം.സി. സജീവൻ, വി. ഉണ്ണികൃഷ്ണൻ, എം. ബാബു, എ. ഗോപാലകൃഷ്ണൻ, സുന്ദരൻ വെള്ളപ്പന, പി.എം. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.